തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഉത്തർപ്രദേശിലെ നിർദിഷ്ട പരിപാടികൾ മാറ്റിവച്ചു. സെപ്റ്റംബർ 25ന് മീററ്റിലും സെപ്റ്റംബർ 28ന് വാരണാസിയിലും നടത്താനിരുന്ന പരിപാടികളാണ് മാറ്റിയത്. മീററ്റിൽ യുവാക്കളുമായുള്ള സംവാദവും ELC 2.0, ECI-Net മേഖലാ സമ്മേളനവും നടത്താനായിരുന്നു തീരുമാനം.
എന്നാൽ പരിപാടികൾ മാറ്റിവച്ചതിൻ്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, ഇരു പരിപാടികളും സെപ്റ്റംബർ 21ന് തന്നെ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നതായി കമ്മീഷൻ വ്യക്തമാക്കി. അതിനാൽ സെപ്റ്റംബർ 23ന് പുറത്തുവന്ന കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പരിപാടികൾ റദ്ദാക്കിയതെന്ന പ്രചാരണത്തെ കമ്മീഷൻ തള്ളുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വോട്ടർപട്ടികയിലെ പേരുകൾ കൂട്ടിച്ചേർക്കൽ, നീക്കം ചെയ്യൽ, പുനഃസ്ഥാപിക്കൽ, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയറിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങളിലാണ് എതിർപ്പുകൾ ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ റിപ്പോർട്ടുകളിലെ ‘ആന്തരിക ഭിന്നത’ എന്ന വ്യാഖ്യാനം നിഷേധിച്ചിട്ടുണ്ട്. കമ്മീഷൻ അംഗങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുന്നത് തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്നും SIR ഉൾപ്പെടെയുള്ള കമ്മീഷൻ്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.