വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം കുട്ടിയെ കാണാതായതിനു പിന്നാലെ ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പുലര്‍ച്ചെ മൂന്നുമണിവരെ തിരച്ചില്‍ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

പോലീസിൻ്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. അവധിയെടുത്ത് മുഴുവന്‍ തോട്ടം തൊഴിലാളികളും തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. തേയിലത്തോട്ടത്തില്‍ നിന്ന് എത്തിയ പുലി വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കുട്ടിയെ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് കടന്നു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് വാല്‍പ്പാറയില്‍ എത്തിയത്.

Related Posts