മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ 11 കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥിയെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. മിസിസ് കേരള ഗ്ലോബൽ 2025 മത്സരത്തിലെ ഫസ്റ്റ് റണ്ണർ അപ്പായ വയനാട് മാനന്തവാടി സ്വദേശിനി ഹർഷ സണ്ണിയാണ് പിടിയിലായത്.
ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിശദമായ പരിശോധനയിൽ ട്രോളി ബാഗിനുള്ളിൽ 12 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഗുരുതര വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ ഹർഷയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നാക്ക സാഹചര്യത്തിൽ നിന്നാണ് താൻ വളർന്നതെന്നും മാതാപിതാക്കൾ കൂലിത്തൊഴിലാളികളാണെന്നും ഹർഷ മുൻപ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ലഹരിക്കടത്ത് സംഘങ്ങളുമായി ഇവർക്ക് എങ്ങനെ ബന്ധമുണ്ടായെന്ന കാര്യത്തിലും അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ രാജ്യാന്തര ലഹരിക്കടത്ത് റാക്കറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.