ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൻ്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ വൈറ്റ്ഫീൽഡിൽ ആരംഭിച്ച സൗജന്യ കന്നഡ പഠന ക്ലാസിൻ്റെ പുതിയ ബാച്ചിന് പ്രൗഢഗംഭീര തുടക്കം. ഡോ. സുഷമ ശങ്കറിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. യെല്ലപ്പ ഉദ്ഘാടനം ചെയ്തു. കന്നഡ അക്ഷരമാല മുതൽ പഠിച്ചു ദ്രാവിഡ ഭാഷകളിലെ പത്തൊമ്പത് ജ്ഞാനപീഠ പുരസ്കൃത കൃതികളെ കുറിച്ച് ഗവേഷണ പഠനം വിജയകരമായി പൂർത്തിയാക്കിയ കഥ അദ്ദേഹം വിവരിച്ചു പറഞ്ഞു പഠിതാക്കൾക്ക് ആത്മവിശ്വാസം നൽകി.

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ സെക്രട്ടറി പി. രാഗേഷ് മുഖ്യാതിഥിയായിരുന്നു.

കന്നഡയിൽ സംസാരിച്ച പി. രാഗേഷ്, കന്നഡ സംസാരിക്കാൻ പഠിച്ചതിൽ അഭിമാനമുണ്ടെന്നും ഇനി വായിക്കാനും എഴുതാനും പഠനം തുടരുമെന്നും പറഞ്ഞു. PMAK-യുടെ ലൈഫ് ടൈം മെമ്പറായ ഡോ. സുഷമ ശങ്കർ കർണാടകയുടെ പ്രാദേശിക ഭാഷയായ കന്നഡയുടെ പ്രചാരണത്തിനും പഠനത്തിനുമായി നടത്തുന്ന നിസ്വാർത്ഥ സേവനം അസോസിയേഷന് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 18 വർഷമായി സൗജന്യ കന്നഡ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്ന ഡോ. സുഷ്മ ശങ്കറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, ഒഡിയ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷാപശ്ചാത്തലങ്ങളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നൂറോളം പേർ ആദ്യദിന ക്ലാസിൽ പങ്കെടുത്തു.

അരമണിക്കൂർ നീണ്ട ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നര മണിക്കൂർ നീണ്ട ആമുഖ പഠന ക്ലാസ് നടന്നു. മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ പ്രായത്തിനും പഠനരീതിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേക ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രൊഫ. രാകേഷ് സ്വാഗതവും കോർഡിനേറ്റർ റെബിൻ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. കൊല്ലം, കണ്ണനല്ലൂർ സ്വദേശിയായ സുഷമ ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസ്സോസിയേഷൻ്റെ പ്രസിഡണ്ടുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9901041889

Related Posts