ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരള സമാജം (രജി.), കർണാടകയുടെ ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം, കന്നഡ ഭാഷാ ക്ലാസുകൾക്ക് ഔപചാരിക തുടക്കമായി. ഈസ്റ്റ് ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരള സമാജം ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളികൾക്ക് മാതൃഭാഷയായ മലയാളത്തോടൊപ്പം കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നഡയും പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഭാഷാപഠനത്തിലൂടെ പരസ്പര സൗഹൃദവും സാംസ്കാരിക ഐക്യവും ശക്തിപ്പെടുത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചിറ്റയം ഗോപകുമാർ പറഞ്ഞു.
കേരള സമാജം (രജി.), കർണാടക സംസ്ഥാന പ്രസിഡണ്ട് എസ്. കെ. പിള്ള, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ കെ നടരാജൻ ശ്യാം കുമാർ, രാജേഷ് വർമ്മ, സുമോദ് സി. എന്നിവർ ആശംസകൾ നേർന്നു.
ഈസ്റ്റ് ഡിവിഷൻ വൈസ് ചെയർമാന്മാരായ മഹേഷ് ചെല്ലപ്പൻ, അനിൽകുമാർ കെ.പി., ഫിനാൻസ് കൺവീനർ ജിജു സിറിയക് എന്നിവരും സംസാരിച്ചു. ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി ഡി നന്ദി രേഖപ്പെടുത്തി. സമാജം അംഗങ്ങളും ഭാഷാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു. കേരള സമാജത്തിൻ്റെ ഭാഷാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കുന്ന സംരംഭമായി ഈ ഭാഷാ ക്ലാസുകൾ മാറുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.