പശ്ചിമ ബംഗാളിൻ്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്.

ഡിസംബർ 4ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് ഇതിനായുള്ള പ്രമേയം അവതരിപ്പിക്കുക. ഡിസംബർ 9ന് പ്രമേയം സഭയുടെ പരിഗണനയ്ക്ക് വെക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ പ്രമേയം പാസായാൽ തുടർനടപടികൾക്കായി കേന്ദ്രസർക്കാരിന് കൈമാറും. കേന്ദ്രത്തിൻ്റെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ പേരുമാറ്റ നടപടികൾ പൂർത്തിയാകൂ. ഡിസംബർ 4 മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശീതകാല സമ്മേളനം.

1999ൽ ഇടതുമുന്നണി സർക്കാരാണ് സംസ്ഥാനത്തിൻ്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിർദേശം ആദ്യമായി മുന്നോട്ടുവെച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പേരുമാറ്റ ചർച്ചകൾ ഉയർന്നുവന്നിരുന്നെങ്കിലും നടപടി പൂർത്തിയായിരുന്നില്ല.

Related Posts