മഹാരാഷ്ട്രയിലെ പുണെയിൽ 27കാരിയായ ഐടി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനും ഇൻഫോസിസ് ജീവനക്കാരനുമായ ശുഭം ജ്ഞാനേശ്വർ കൽബാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിപ്രോയിൽ ജോലി ചെയ്തുവരികയായിരുന്നു.
പുണെയിലെ ഹിൻജേവാഡി മേഖലയിലാണ് സംഭവം. മരിച്ച യുവതിയെ കോമൾ രാജേന്ദ്ര ദഹാകെ എന്നാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാക്കുതർക്കത്തിനിടെ യുവതിയെ പ്രതി കൈകൊണ്ട് മർദിച്ചിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക സംശയം. തുടർന്നാണ് യുവതി മരിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
എന്നാൽ മരണത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ചശേഷമേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ കാമുകനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൻ്റെ സാഹചര്യവും സംഭവത്തിലേക്ക് നയിച്ച മറ്റ് കാരണങ്ങളും അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും മരണത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പുണെ പൊലീസ് അറിയിച്ചു.