സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസി അധ്യക്ഷന് മുന്നിൽ എ ഗ്രൂപ്പ് പരാതി ഉന്നയിച്ചതിനെ ഗൗരവത്തോടെയാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കാണുന്നത്. സംസ്ഥാന കോൺഗ്രസിലെ കെ.സി. വേണുഗോപാൽ വിഭാഗവും എ ഗ്രൂപ്പും നടത്തുന്ന സമ്മർദ നീക്കങ്ങൾക്ക് തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണ് സതീശൻ പക്ഷത്തിൻ്റെ നിലപാട്.
മുഖ്യമന്ത്രിക്കെതിരെയല്ല തങ്ങൾ പരാതി നൽകിയതെന്നാണ് എ ഗ്രൂപ്പിൻ്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമായാണ് സതീശൻ പക്ഷം ഇതിനെ വിലയിരുത്തുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടതില്ലെന്നും വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
എ ഗ്രൂപ്പിൻ്റെ പരാതിയിൽ എഐസിസി നേതൃത്വം വിശദീകരണം തേടിയാൽ മാത്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയാൽ മതിയെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവരുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ അനാവശ്യമായ പ്രതികരണങ്ങളിലൂടെ ഗ്രൂപ്പ് പോരിന് കൂടുതൽ ആക്കം കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് സതീശൻ പക്ഷം.