സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വധക്കേസിൽ പത്ത് വർഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചു. കേസിലെ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 16 പ്രതികളെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിൻ (34), മൂന്നാം പ്രതി എം. വൈശാഖ് (31) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ ആകെ 20 പ്രതികളുണ്ടായിരുന്നെങ്കിലും പന്ത്രണ്ടാം പ്രതി സി.എഫ്.ബിജു കൊല്ലപ്പെട്ടതോടെ 19 പേരാണ് വിചാരണ നേരിട്ടത്.
പയ്യന്നൂർ സി.ഐ പി. രമേശനാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് സി.ഐ എം.പി.ആസാദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 74 സാക്ഷികളുണ്ടായിരുന്ന കേസിൽ 43 പേരെ പ്രോസിക്യൂഷനും ഒരാളെ പ്രതിഭാഗവും വിസ്തരിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ 123 രേഖകളും കോടതി പരിശോധിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ, പ്രതികളെ സഹായിക്കാൻ ഉപയോഗിച്ച വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ടായിരുന്നു.
2025 മാർച്ച് അഞ്ചിനാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കേസ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഏപ്രിൽ 25ന് കുറ്റപത്രം വായിച്ച കോടതി ഒക്ടോബർ 21ന് വിചാരണ ആരംഭിച്ചു. 2026 ജൂൺ 19ന് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായി. ഇരുഭാഗത്തിൻ്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് ഈ മാസം 16ന് വിധി പറയുന്നതിനായി കേസ് മാറ്റിവെച്ചത്.
സ്പെഷൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ, പ്രോസിക്യൂട്ടർമാരായ യു. രേണശൻ, ടി.വി. വിനീഷ് എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതികൾക്കായി അഡ്വ. പ്രതാപ് ജി. പടിക്കൽ, എസ്. സജിത്ത് കുമാർ, പി. പ്രേമരാജൻ എന്നിവർ കോടതിയിൽ ഹാജരായി.
2016 ജൂലൈ 11ന് രാത്രി 9.45ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ പ്രതികൾ ധനരാജിനെ വീട്ടിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം കാലിനും മറ്റും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ ധനരാജിനെ വീടിൻ്റെ പിൻവശത്തെ ഷെഡിന് സമീപം വെച്ച് വീണ്ടും ആക്രമിച്ചു. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ബിജു, വിപിൻ, വൈശാഖ് എന്നിവർ വാൾ, പിച്ചാത്തി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് നെഞ്ചിലും കൈകളിലും കാലുകളിലും വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യത്തിന് സൗകര്യമൊരുക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.