ലോക ബാങ്കില്‍ നിന്ന് നഗരമാലിന്യ സംസ്‌കരണത്തിന് അനുവദിച്ച 2,200 കോടി രൂപയുടെ വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടമാകുന്നു. സംസ്ഥാനത്തെ 6 കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടുന്ന നഗരമേഖലകളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു ശാസ്ത്രീയമായി ഖരമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് 2021-ല്‍ ലോകബാങ്ക് വായ്‌പ അനുവദിച്ചത്. 2027 ജനുവരിയില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കും.
4 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. ജനുവരി 28, 29, 30 തീയതികളില്‍ പദ്ധതി പുരോഗതി അവലോകനം ചെയ്യാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരെ അറിയിച്ചതായാണ് വിവരം.