തമിഴ് നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 234 എംഎൽഎമാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ എംഎൽഎമാർക്ക് പ്രതിമാസം 75,000 രൂപ വാഹന അലവൻസ് ലഭിക്കുന്നുണ്ട്. ഇതിൽനിന്നാണ് ഡ്രൈവറുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിക്കുന്നത്. എംഎൽഎമാരുടെ പേഴ്സണൽ അസിസ്റ്റന്റിന് പ്രതിമാസം 25,000 രൂപ ശമ്പളവും അനുവദിച്ചിട്ടുണ്ട്.

വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർഥന പരിഗണിച്ചാണ് സർക്കാർ കാർ അനുവദിക്കാനുള്ള തീരുമാനമെന്ന് വിജയ് പറഞ്ഞു. സ്വന്തമായി വാഹനമില്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്ന് ജ്യോതിമണി നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജനപ്രതിനിധികൾക്ക് കൂടുതൽ കാര്യക്ഷമമായി മണ്ഡലങ്ങളിൽ പ്രവർത്തിക്കാനും അഴിമതിയില്ലാത്ത ജനസേവനം ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് വിജയ് വ്യക്തമാക്കി. പ്രഖ്യാപനത്തിന് പിന്നാലെ ടി.വി.കെ എംഎൽഎ സിന്ധു പാട്ടുപാടി വിജയ്‌ക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎൽഎയും മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.

Related Posts