ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കിൽ നിന്ന് മറ്റന്നാൾ പറന്നുയരും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടിയിൽ അദ്ധ്യക്ഷനാകും. ഹിന്ദുസ്ഥാൻ എയ്‌റോ ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിൻ്റെ നിർമ്മാണ ചുമതല. എച്ച്എഎല്ലിൻ്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനായുള്ള (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിൻ്റെ ഉദ്ഘാടനവും വെള്ളിയാഴ്‌ച നടക്കും.
തേജസ് എംകെ 1എ യുദ്ധ വിമാനത്തിൻ്റെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ത്യൻ വ്യോമസേനയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടി വൈകിയതിന് പ്രധാനകാരണം അമേരിക്കയിൽ നിന്നുള ജിഇയുടെ എഫ്404 എഞ്ചിൻ എത്തിക്കുന്നതിൽ തടസ്സമുണ്ടായതാണ്. ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിന് നാല് എഞ്ചിനുകൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ഒക്ടോബർ അവസാനത്തോടെ രണ്ടെണ്ണം കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനുകളുടെ വിതരണത്തിൽ സ്ഥിരത വന്നാൽ മാത്രമേ യുദ്ധവിമാനങ്ങളുടെ ഉൽപാദനം ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.