ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിൻ്റെ തകർപ്പൻ ജയം. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. സ്‌കോർ: ഇന്ത്യ – 462, 193; ശ്രീലങ്ക – 284, 206.

രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ മാനവ് സുതാറാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. രവീന്ദ്ര ജഡേജയും നിർണായക വിക്കറ്റ് നേടി.

നാലിന് 84 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും സോണൽ ദിനുഷയും ചേർന്നുള്ള കൂട്ടുകെട്ടാണ് പ്രതീക്ഷ നൽകിയത്. ഇരുവരും ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യയ്ക്ക് ഏറെ നേരം വിക്കറ്റ് ലഭിക്കാതെ പോയി. ഒടുവിൽ 56-ാം ഓവറിൽ രവീന്ദ്ര ജഡേജ ധനഞ്ജയ ഡിസിൽവയെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. 151 പന്തിൽ 59 റൺസായിരുന്നു ധനഞ്ജയയുടെ സമ്പാദ്യം. പിന്നാലെ നിരോഷ ഡില്ലയെ 10 റൺസിന് പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ലങ്കയുടെ ആറാം വിക്കറ്റ് വീഴ്ത്തി.

എന്നാൽ സോണൽ ദിനുഷ ക്രീസിൽ ഉറച്ചുനിന്നു. കേശാര നുവാന്തയ്‌ക്കൊപ്പം ചേർന്ന് 43 റൺസ് കൂടി കൂട്ടിച്ചേർത്ത താരം ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു. ഒടുവിൽ 76-ാം ഓവറിൽ ദിനുഷയെ ലെഗ് സ്ലിപ്പിൽ ധ്രുവ് ജുറെലിൻ്റെ കൈകളിലെത്തിച്ച് മാനവ് സുതാർ നിർണായക വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം തുടർന്നു. 128 പന്തിൽ 84 റൺസെടുത്താണ് താരം പുറത്തായത്.

ദിനുഷയുടെ വിക്കറ്റ് വീണതോടെ ലങ്കൻ നിര തകർന്നു. പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെയും മാനവ് സുതാർ പുറത്താക്കിയതോടെ ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് 206 റൺസിൽ അവസാനിച്ചു.

Related Posts