സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ അബോധാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്.
വിദഗ്ദ്ധ പരിശോധനയിൽ ശരീരത്തിൽ ലഹരി പദാർത്ഥത്തിൻ്റെ അംശം കണ്ടെത്തിയെങ്കിലും ഇത് ചോക്ലേറ്റിൽ കൂടിയാണോ ശരീരത്തിൽ എത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും, കളക്ടർക്കും പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ ജനുവരി 17 നാണ് സംഭവം.
യുകെജി വിദ്യാർത്ഥി സ്കൂൾ വിട്ടു വന്നയുടൻ കിടന്നു. കുട്ടി എണീക്കാത്തതിനെ തുടർന്ന് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകളുടെ വിഭാഗത്തിൽപ്പെടുന്ന ‘ബെൻസോഡയാൻസി പൈൻസ്’ എന്ന ലഹരി പദാർത്ഥം ശരീരത്തിനുള്ളിൽ കണ്ടെത്തി. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്തു.
ചോക്ലേറ്റ് കഴിച്ചതിനുശേഷം കുട്ടി ക്ലാസിൽ കിടന്ന് ഉറങ്ങിയെന്നാണ് ടീച്ചർ പറയുന്നത്. ആശുപത്രിയിലെ പരിശോധനയിൽ ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയതോടെ വിവരം സ്കൂളിൽ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ കുഞ്ഞ് കഴിച്ച ചോക്ലേറ്റിൻ്റെ കവർ അയച്ചുതന്നുവെന്നാണ് അമ്മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.
സ്കൂളിൽ നിന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കുട്ടിക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.