കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. മുഖ്യമന്ത്രിയെ കൂടാതെ, മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മസാല ബോണ്ട് വഴി ശേഖരിച്ച 2,150 കോടി രൂപ അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ തീരുമാനമെടുത്തത്. 2019 ലാണ് 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി മസാല ബോണ്ട് ഇറക്കിയത്.
മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇ.ഡി.യുടെ നിർണ്ണായക നീക്കം. കേസ് സംബന്ധിച്ച് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കേസന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം മുൻ മന്ത്രി തോമസ് ഐസക്കിന് 2 തവണ ഇ.ഡി. നോട്ടിസ് നൽകിയിരുന്നു.