ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാല് മാസം മുൻപാണ് 25-കാരിയായ ശ്വേത വിവാഹിതയായത്. സംഭവത്തിൽ ഭർത്താവിനും ഭർതൃസഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബാംഗ്ലൂർ കാമാക്ഷിപാളയത്ത് ആണ് സംഭവം.

ശ്വേതയുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിവാഹശേഷം ഭർത്താവിൻ്റെയും അദ്ദേഹത്തിൻ്റെ മൂത്ത സഹോദരിയുടെയും ഭാഗത്തുനിന്ന് നിരന്തരം മാനസിക പീഡനവും ഉപദ്രവവും നേരിട്ടിരുന്നതായി കുറിപ്പിൽ ആരോപിക്കുന്നു.

“ഞാൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കണം. ഞാൻ തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ദയവായി എന്നെ കുറ്റപ്പെടുത്തരുത്,” എന്നാണ് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ശ്വേതയുടേത് പ്രണയവിവാഹമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യാക്കുറിപ്പിൻ്റെ ആധികാരികതയും വിവാഹാനന്തര പീഡനാരോപണങ്ങളും ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.

Related Posts