ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പിതാവിൽ നിന്ന് 90 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. തടിവ്യാപാരിയായ മനോഹർ പാട്ടീലിൻ്റെ മകൻ മനീഷ് പാട്ടീൽ (40), സുഹൃത്തുക്കളായ രണ്ടുപേരുമാണ് പിടിയിലായത്.
സെപ്റ്റംബർ 28ന് പണമിടപാടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മനീഷ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം മനീഷിൻ്റെ ഫോണിൽ നിന്ന് മറ്റൊരാൾ പിതാവിനെ വിളിച്ച് മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി 90 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർച്ചയായി ഫോൺവിളികൾ എത്തിയതോടെ സംശയം തോന്നിയ പിതാവ് രാജരാജേശ്വരി നഗർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺവിളികളും ബന്ധപ്പെട്ട നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിൻ്റെ ചുരുളഴിഞ്ഞത്. മനീഷും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.