വാരാന്ത്യ യാത്രകളും ഓണം ഉൾപ്പെടെയുള്ള ഉത്സവകാല യാത്രകളും ആരംഭിച്ചതോടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിലായി ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധന, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ പതിവിനെക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.

രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനയ്ക്കും ചെക്ക്-ഇൻ നടപടികൾക്കും കൂടുതൽ സമയം വേണ്ടിവരാൻ സാധ്യതയുള്ളതിനാൽ ആഭ്യന്തര യാത്രക്കാർ കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ മുമ്പും, അന്തർദേശീയ യാത്രക്കാർ 3 മുതൽ 4 മണിക്കൂർ മുമ്പും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താനും, ബാഗേജ് നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കാനും, യാത്രാ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും വിമാനക്കമ്പനികളും യാത്രക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ജീവനക്കാരെ വിന്യസിക്കുന്നതോടൊപ്പം സുരക്ഷാ പരിശോധനാ കൗണ്ടറുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ്, ടാക്സി പിക്കപ്പ്-ഡ്രോപ്പ് മേഖലകളിലും വാഹനങ്ങളുടെ തിരക്ക് വർധിക്കാനിടയുള്ളതിനാൽ യാത്രക്കാർ സമയം മുൻകൂട്ടി ക്രമീകരിച്ച് യാത്ര ചെയ്യണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Related Posts