നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിനിടെ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള 35 അംഗ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതരെന്ന് വിവരം. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയ സംഘമാണ് സുരക്ഷിതരായി തുടരുന്നത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ച് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടെ ബാക്കിയുള്ളവർ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണെന്ന് സംഘത്തിലെ അംഗവും പയ്യന്നൂർ സ്വദേശിനിയുമായ ടി.വി. ദീപ അറിയിച്ചു. നിലവിൽ സംഘം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര തുടരുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടി.വി. ദീപ പറഞ്ഞു. ഓഗസ്റ്റ് 29ന് ഗൊരഖ്പുരിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് സംഘത്തിൻ്റെ പദ്ധതി.

മിന്നൽ പ്രളയമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് സംഘത്തിൻ്റെ രണ്ട് ടെമ്പോ ട്രാവലറുകൾ അപകടമേഖലയിലൂടെ കടന്നുപോയത്. പിന്നാലെ പ്രദേശത്ത് കനത്ത മഴയും പ്രളയവും ഉണ്ടാകുകയും റോഡുകളിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. ഇതോടെ സംഘവും ആശങ്കയിലായി.

വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെയാണ് രാത്രിയിൽ സംഘം യാത്ര തുടർന്നത്. പ്രളയവിവരം പുറത്തുവന്നതോടെ കുടുംബാംഗങ്ങളും ആശങ്കയിലായിരുന്നു. നേപ്പാളിൽ നിന്നുള്ള സംഘത്തിൻ്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും വി. കുഞ്ഞികൃഷ്ണൻ എംഎൽഎക്ക് ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ഓഫീസ് എംബസിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് സംഘത്തിൻ്റെ സുരക്ഷ സംബന്ധിച്ച് വ്യക്തത ലഭിച്ചത്.

Related Posts