ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ പേസർമാരായ സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, എന്നിവരാണ് ടീമിൽ ഫാസ്റ്റ് ബൗളിങ് നിരയിൽ ഉൾപ്പെട്ടിരിക്കുന്നത്. മാർക്ക് വുഡും ഗുസ് അറ്റ്കിൻസണും ഒല്ലി സ്റ്റോണും ജോഫ്ര ആർച്ചറും ടീമിലില്ല. നാലു പേർക്കും പരിക്കാണ് തിരിച്ചടിയായത്. ജോഫ്ര ആർച്ചർ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷ.
3 വർഷത്തെ ഇടവേളക്ക് ശേഷം ഓൾ റൗണ്ടർ ജാമി ഓവർടൺ ടസ്റ്റ് ടീമിൽ തിരിച്ചെത്തി. 2022ൽ ന്യൂസിലൻഡിനെതിരെയാണ് ഓവർടൺ കരിയറിലെ ഏക ടെസ്റ്റ് കളിച്ചത്. പേസർമാരായ ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ എന്നിവർ ആദ്യ ടെസ്റ്റിനുള്ള ടീമിലെത്തിയപ്പോൾ ഐപിഎല്ലിൽ ആർസിബിക്കായി തിളങ്ങിയ ജേക്കബ് ബേഥേലും ടീമിലുണ്ട്.