ദേശീയപാത തകർച്ചയ്ക്ക് കാരണം മണ്ണിൻ്റെ കുഴപ്പമെന്ന് എൻഎച്ച്എഐ ഹൈക്കോടതിയിൽ. ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിൻ്റെ ദൃഡത ഇല്ലാതാക്കിയെന്നും എൻഎച്ച്എ ഐ കോടതിയെ അറിയിച്ചു. കരാറുകാരുടെ വീഴ്ചയാണ് ദേശീയപാത തകർന്നത്. നിലവിലെ കരാറുകളിൽ നിന്നും പുതിയ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പ്രൊജക്ട് കൺസൾട്ടൻറിനെയും വിലക്കിയിട്ടുണ്ട്.
മേൽനോട്ട ചുമതല ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രഫസർക്ക് നൽകിയെന്നും ദേശീയപാതാ അഥോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാതയുടെ പുനർനിർമാണം പൂർത്തിയാക്കാൻ പ്രത്യേകം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി കോടതിയെ അറിയിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരാണ് ഉത്തരവാദികൾ, എന്താണ് പരിഹാരം, പാത തകർന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾക്ക് മറുപടി നൽകാൻ ദേശീയപാതാ അഥോറിറ്റിയോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.