ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന മോഡലിംഗ് രംഗത്തെ യുവതി ഉൾപ്പെടുന്ന സംഘം കെണിയിലകപ്പെടുത്തിയത് 8 മലയാളി യുവതികളെ. ഭീഷണിപ്പെടുത്തി ഇവരെ പലർക്കായി കാഴ്ചവച്ചു. കൂടുതൽ പേർ ഇരകളായോ എന്ന് മരട് പൊലീസ് അന്വേഷിക്കുകയാണ്. മോഡൽ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

മുഖ്യപ്രതി ആലുവ തൈനോത്തിൽ കടവിൽ റോഡ് 56 /26 വീട്ടിൽതാമസിക്കുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി സ്റ്റോയിസി ടി. മുട്ടത്ത് (സിന്ധു, 56) രണ്ടാംപ്രതിയും മോഡലുമായ തിരുവനന്തപുരം കുന്നത്തുകൽ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടിൽ അലീന എബ്രഹാം (23) എന്നിവരെ തിങ്കളാഴ്ച പിടികൂടിയിരുന്നു. മലപ്പുറം പൊന്നാനി ബീയം പുക്കയിൽ വീട്ടിൽ മഞ്ജിമയെ (25) ഇന്നലെ അറസ്റ്റുചെയ്തു.

ബർ ദുബായിലെ അൽ റഫയിൽ മലയാളികളുൾപ്പെടെ തിങ്ങിപ്പാർക്കുന്ന റസിഡൻഷ്യൽ മേഖലയായ റോള സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിച്ചാണ് യുവതികളെ കെണിയിലകപ്പെടുത്തിയത്. മയക്കുമരുന്ന് കലർത്തിനൽകി ബോധരഹിതരാക്കിയ ശേഷമാണിത്. ചിലരുടെ പാസ്പോർട്ടും ഫോണും വാങ്ങിവച്ചു.

പീഡന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയും തുടർച്ചയായി പീഡിപ്പിക്കുകയും. എതിർക്കുന്നവരെ ഉപദ്രവിക്കുകായും ചെയ്തു. ലൈംഗികദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കും. ഇവരിൽ നിന്ന് രക്ഷപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിനിയായ മോഡൽ മരട് പൊലീസിന് നൽകിയ പരാതിയാണ് പ്രതികളെ കുടുക്കിയത്. ബ്യൂട്ടിഷ്യനായ യുവതിയുൾപ്പെടെ രണ്ടുപേർ കൂടി പരാതി നൽകി.

മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ സിന്ധുവുമായി മരട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഘത്തിൽപ്പെട്ട ദുബായിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ അന്യായമായി തടഞ്ഞുവയ്ക്കൽ, വഞ്ചന, പരിക്കേൽപ്പിക്കൽ, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Related Posts