അഞ്ച് രാഷ്ട്രങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു.
നെതർലൻഡ്സ്, യു.എ.ഇ, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ എത്തിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്. സന്ദർശനത്തിനിടയിൽ വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ ഏറ്റവും പ്രധാന അജണ്ട. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു ‘ഇന്തോ-മെഡിറ്ററേനിയൻ’ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളരുകയാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ’ (IMEC) ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് ഇരു നേതാക്കളും നേതൃത്വം നൽകും. 2025-2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനൊപ്പം, 2029-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.
പ്രതിരോധം, ബഹിരാകാശം, സൈബർ സുരക്ഷ, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി തുടങ്ങിയ അതിനിർണായക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ഈ സന്ദർശനം വഴിതുറക്കും. ഇറ്റാലിയൻ പ്രസിഡണ്ട് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
റോം ആസ്ഥാനമായുള്ള യു.എൻ ഭക്ഷ്യ-കൃഷി സംഘടനയുടെ (FAO) ആസ്ഥാനവും അദ്ദേഹം സന്ദർശിക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് വ്യവസായ പ്രമുഖരുമായി നടത്തുന്ന സംവാദത്തോടെ പ്രധാനമന്ത്രിയുടെ സന്ദർശനം സമാപിക്കും.