ഗതാഗത യൂണിയനുകൾ ഇന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമരം ഒഴിവാക്കാൻ തീരുമാനിച്ചത്.
ഇതോടെ ഇന്ന് സംസ്ഥാനത്ത് സർക്കാർ ബസ് സർവീസുകൾ സാധാരണ പോലെ തന്നെ തുടരും. വേതന വർദ്ധനവിൻ്റെ കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചില്ലെന്നും യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി.
“ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു; അതിനനുസരിച്ച് പണിമുടക്ക് പിൻവലിച്ചു. നാളെ സർക്കാർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടക്കും,” കൺവീനർ ജയദേവരാജ് ഉർസ് അറിയിച്ചു. സമരം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
സംയുക്ത കർമ്മസമിതിയുമായി ആലോചിക്കാതെ 12.5% വേതന വർദ്ധനവ് പ്രഖ്യാപിച്ചതിനെ യൂണിയൻ പ്രതിനിധികൾ വിമർശിച്ചു. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും സർക്കാർ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്ന് യൂണിയൻ നേതാവ് വിജയ് ഭാസ്കർ ആരോപിച്ചു.
“നിങ്ങൾ ഏകപക്ഷീയമായ തീരുമാനമെടുത്തു, ഞങ്ങളുടെ അഭ്യർത്ഥനകളും ആശങ്കകളും അവഗണിച്ചു,” അദ്ദേഹം വിമർശിച്ചു. സർക്കാർ-തൊഴിലാളി സംഘടനകൾ തമ്മിൽ ചർച്ച നടത്താനും പ്രശ്നങ്ങൾ സൗഹൃദപരമായി പരിഹരിക്കാനുമാണ് കോടതി നിർദേശിച്ചത്.