കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവാണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സിൻ്റെ മുകളിലെ ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വീണ്ടും സർവീസിൽ തിരിച്ചെത്തിയത്.
സസ്പെൻഷൻ കാലയളവിൽ ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് ബാബു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കൂടാതെ ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.