കന്നഡഭാഷാസേവനത്തിനും വിവർത്തന സാഹിത്യ രംഗത്തുമുള്ള ശ്രദ്ധേയമായ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ പതിനേഴാമത് അന്താരാഷ്ട്ര വനിതാദിന പുരസ്കാരം – 2026 ലഭിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയും ദ്രാവിഡഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (DBTA) പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കറിന് ബെംഗളൂരുവിലെ ഗാർഡൻ സിറ്റി സർവകലാശാലയുടെ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന 17-ാമത് അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടിയിൽ സർവകലാശാല ചാൻസലർ ഡോ. ജോസഫ് വി.ജി അവാർഡ് സമ്മാനിച്ചു.

സർവകലാശാലയിലെ വുമൺ ഡെവലപ്മെന്റ് സെൽ അംഗങ്ങൾ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ശ്രദ്ധേയമായി. വിദ്യാഭ്യാസം, സംസ്കാരം, വൈദ്യശാസ്ത്രം, പൊലീസ് സേവനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെയും ആദരിച്ചു.

സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അവർ നടത്തിയ സമർപ്പിത സേവനത്തിൻ്റെയും ഭാഷാ സൗഹൃദവും സാംസ്കാരിക ഐക്യവും ശക്തിപ്പെടുത്താനുള്ള തുടർച്ചയായ പരിശ്രമത്തിൻ്റെയും അംഗീകാരമാണ് ഈ പുരസ്കാരം.

പതിനേഴ് വർഷങ്ങളായി അന്യഭാഷക്കാർക്ക് സൗജന്യമായി കന്നഡ പഠിപ്പിക്കുന്ന, ‘കന്നഡയുടെ സ്വന്തം മലയാളി’ എന്നറിയപ്പെടുന്ന ഈ കൊല്ലം കണ്ണനല്ലൂർ സ്വദേശി ‘തൊദൽനുടി’ കുട്ടികളുടെ കന്നഡ മാസികയുടെ എഡിറ്റർ കൂടിയാണ്.

Related Posts