ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കിരീടം. ടൈബ്രേക്കറിലൂടെ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. 19 കാരിയായ ദിവ്യ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
2 ഇന്ത്യൻ താരങ്ങൾ ആദ്യമായി ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിൻ്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്. ബ്ലിറ്റ്സ്, റാപ്പിഡ് ഫോർമാറ്റുകളിലാണ് ടൈ ബ്രേക്കർ ഗെയിമുകൾ. ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റുള്ള 10 മിനിറ്റുള്ള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം.
ദിവ്യയോ, ഹംപിയോ ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യൻ ഉറപ്പായിരുന്നു. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഹംപി ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ശേഷം പിന്നീട് 2 വനിതകൾ മാത്രമേ ഇന്ത്യയിൽ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. വൈശാലി, ഡി ഹരിക എന്നിവരാണ് അവർ. ഈ പട്ടികയിലാണ് ഇപ്പോൾ ദിവ്യയുടെ ഇടംപിടിച്ചിരിക്കുന്നത്.