കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വി.എം. വിനു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കോഴിക്കോട് കല്ലായി ഡിവിഷനിൽ നിന്നാണ് വിനു മത്സരിക്കുക. വിനുവിനെ മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് വിവരം. കോഴിക്കോട് കോർപ്പറേഷനിൽ 49 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 15 ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും.
നിലവിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റാണ് കല്ലായി. വ്യാഴാഴ്‌ച കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ നടന്ന സീറ്റ് ചർച്ചയ്ക്കു പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്.