തിരുവല്ല പൊടിയാടിയിൽ 47 വയസ്സുള്ള വ്യക്തിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 13നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ, പുളിക്കീഴ് പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് മുറിവേറ്റതാണ് മരണ കാരണം എന്ന് വ്യക്തമായതോടെയാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന്, എഫ്.ഐ.ആറിൽ കൊലപാതക വകുപ്പ് ചേർത്ത് മാറ്റങ്ങൾ വരുത്തി. ഓട്ടോ ഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.
മരണത്തിലെ ദുരൂഹത നീക്കുന്നതിനായി പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.