സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെരഞ്ഞെടുത്തു. രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. 75 വയസ് പ്രായപരിധി കടന്ന രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. കേരളം, തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നീ ഘടകങ്ങളാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ ആർ.ലതാ ദേവി, രാജാജി മാത്യു തോമസ്, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. കേരളത്തിൽ തന്നെ നിരവധി പേരാണ് പ്രായപരിധി മാനദണ്ഡം കർശനമാക്കിയതോടെ ഒഴിവാക്കപ്പെട്ടതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനമായത്.