പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വോട്ടർപട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല യോഗം വിളിച്ചു. യുണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗം വിളിച്ചിരിക്കുന്നത് മാർച്ച് 18 നാണ്.

ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന ബംഗാളിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.

ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്‌ത്‌ 2021ൽ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെന്റിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ ക്രമക്കേടിനുള്ള സാധ്യത കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഗമനം.

Related Posts