തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തമലം കാട്ടാംവിള ഹരിത നഗർ കേശവഭവനിൽ ബിന്ദുവാണ് ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കട്ടിലിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു സതീശൻ്റെ മൃതദേഹം. തൊട്ടടുത്ത് ബിന്ദു തൂങ്ങി നിന്നിരുന്നു. സതീശനെയും ബിന്ദുവിനെയും രാവിലെ ഏറെ വൈകിയിട്ടും പുറത്ത് കാണാത്തതിനാൽ അയൽവാസികളായ ബന്ധുക്കൾ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
മരണത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് താമസിക്കുന്ന വീടിന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇവർക്ക് നിലവിൽ ഒന്നരക്കോടി രൂപ കടമുള്ളതായി അറിയുന്നു. സതീശൻ മുൻ കോൺട്രാക്ടർ ആണ്. നിലവിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. കരമന പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.