സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ള പ്രസിഡണ്ട് സ്ഥാനം രാജിവച്ചു.
അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കണ്ടെത്തിയ വനിതാ പ്രസിഡണ്ട് സമ്മർദങ്ങൾക്കൊടുവിലാണ് സ്ഥാനം രാജിവച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി.
സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ് ബാങ്കിൽ മുൻകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ വിവരിച്ച് പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി പൊൻതാമരപിള്ള രാജി പ്രഖ്യാപിച്ചത്.
75 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി പൊൻതാമര വെളിപ്പെടുത്തി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്കും രാജിക്കത്ത് കൈമാറി. ബാങ്ക് സെക്രട്ടറി രാജിക്കത്ത് വാങ്ങാൻ തയാറായില്ലെന്നും പെൻതാമരപിള്ള പറഞ്ഞു.