ബെംഗളൂരു നഗരത്തിലെ ഏറ്റവും തടിയുള്ള നായയെ കണ്ടെത്താൻ സംഘടിപ്പിച്ച ‘ഫാറ്റ് ഡോഗ്സ് ഓഫ് ബിഎൽആർ’ മത്സരം ശ്രദ്ധ നേടുന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച മത്സരത്തിൽ 64 നായകളാണ് പങ്കെടുത്തത്. നാക്ഔട്ട് റൗണ്ടുകളും ഓൺലൈൻ വോട്ടിങ്ങും പിന്നിട്ട് മത്സരം ഇപ്പോൾ അവസാനഘട്ടത്തിലെത്തി. 64 നായകളിൽ രണ്ടെണ്ണം മാത്രമാണ് ഫൈനലിൽ ഇടംപിടിച്ചത്.
സാധാരണ തിരഞ്ഞെടുപ്പുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് മത്സരം മുന്നേറുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട നായയെ വിജയിപ്പിക്കാൻ പിന്തുണക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും വോട്ടഭ്യർഥനയുമായി പോസ്റ്ററുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. നായകളുടെ ജനപ്രീതി വിലയിരുത്തുന്ന ഈ വ്യത്യസ്ത മത്സരം ബെംഗളൂരുവിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചാർലീസ് അനിമൽ റെസ്ക്യൂ സെന്റർ (C.A.R.E.), യുപിഐ പേയ്മെന്റ് ആപ്പായ ഫേവ്, എഐ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമായ എമർജന്റ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. നായകളോടുള്ള സ്നേഹത്തിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുകയും മൃഗക്ഷേമത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയുമാണ് സംരംഭത്തിൻ്റെ ലക്ഷ്യം.
അമേരിക്കയിലെ അലാസ്കയിൽ വർഷംതോറും നടക്കുന്ന ‘ഫാറ്റ് ബെയർ വീക്ക്’ മത്സരമാണ് ഇത്തരം പരിപാടികൾക്ക് പ്രചോദനം. ഇതിന് മുമ്പ് ഡൽഹിയിലും സമാനമായ ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ മത്സരം സംഘടിപ്പിച്ചിരുന്നു. അതേസമയം, നായകളുടെ അമിതവണ്ണത്തെ ആഘോഷിക്കുന്നത് അവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മറച്ചുവയ്ക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വളർത്തുനായകളുടെയും തെരുവുനായകളുടെയും ആരോഗ്യകരമായ ശരീരഭാരം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും ഇത്തരം മത്സരങ്ങൾക്കൊപ്പം ചർച്ചയാകുന്നു.