നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്.
കേസിൽ കുറ്റകരമായ നരഹത്യ ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സുഹൈൽ അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നും അപകടത്തിൽ മരിച്ച മൂന്നു പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അവർ സഞ്ചരിച്ചിരുന്നത് തെറ്റായ ദിശയിലായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും പ്രതി അങ്ങനെ ചെയ്തതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതു പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.
അപകടസമയത്ത് സുഹൈലിൻ്റെ രക്തത്തിൽ അനുവദനീയമായ അളവിൻ്റെ അഞ്ചിരട്ടിയിലധികം മദ്യത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനാഫലം. അനുവദനീയമായ അളവ് 30 മില്ലിഗ്രാം ആയിരിക്കെ, സുഹൈലിൻ്റെ രക്തത്തിൽ 150 മില്ലിഗ്രാം മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്.
അപകടം നടന്ന ദിവസം ഉച്ചമുതൽ പിറ്റേന്നുവരെ മൂന്ന് ബാറുകളിൽ കയറി സുഹൈൽ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുഹൈലിൻ്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഇയാളുടെ പേരിൽ മുൻപ് മറ്റ് വാഹനാപകടക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.