കേരളീയ ചുമർചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യം ഉൾപ്പെടെ രാജ്യത്തെ വിവിധ ചിത്രകലാശൈലികളുടെ സംഗമമായി ‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി. ഭാരതീയ വിദ്യാഭവൻ ബെംഗളൂരു മേഖലാ കേന്ദ്രത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ക്യാംപിൽ 13 സംസ്ഥാനങ്ങളിൽ നിന്നായി 50 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.ഡോ. ജനാർദനൻ റാവുവാണ് ക്യാംപിൻ്റെ ക്യുറേറ്റർ. റേസ് കോഴ്സ് റോഡിലുള്ള ഭാരതീയ വിദ്യാഭവൻ മേഖലാ കേന്ദ്രത്തിൽ നടക്കുന്ന കലാക്യാംപ് ജൂൺ 26ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിട്ടുണ്ട്.

കേരളീയ ചുമർചിത്ര വിഭാഗത്തെ പ്രതിനിധീകരിച്ച് അഞ്ച് കലാകാരന്മാരാണ് ക്യാംപിലുള്ളത്. ഗുരുവായൂർ ദേവസ്വം ചിത്രപഠനകേന്ദ്രത്തിൻ്റെ മുൻ പ്രിൻസിപ്പൽ എം.നളിൻ ബാബുവിനൊപ്പം പാലക്കാട് സ്വദേശികളായ കൃഷ്ണൻ മല്ലിശേരി, ബസന്ത് പെരിങ്ങോട്, തൃശൂർ സ്വദേശി അജിതൻ പുതുമന, ചേർത്തല സ്വദേശി ശ്രീകുമാർ പൂച്ചാക്കൽ എന്നിവരാണ് ക്യാൻവാസിൽ കേരളത്തിൻ്റെ കലാപാരമ്പര്യം പകർത്തുന്നത്.
സ്വയംവര പാർവതി, രാധാമാധവം, ബുദ്ധൻ, വനിത, ത്രിപുരസുന്ദരി, മാതങ്കി, ദുർഗ, അർധനാരീശ്വരൻ തുടങ്ങിയ വിഷയങ്ങളാണ് ഇവർ പഞ്ചവർണങ്ങളിൽ ആവിഷ്‌കരിക്കുന്നത്.

കേരളീയ ചുമർചിത്രങ്ങൾക്കു പുറമെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ സൃഷ്ടികൾ ഒരുക്കുന്നുണ്ട്.

Related Posts