മന്ത്രി സ്ഥാനങ്ങൾക്ക് നിരവധി ശുപാർശകൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റെത്: മുഖ്യമന്ത്രി ഡി കെ ശിവകുമാർ
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അധികാരപരിധിയിലാണെന്നും അവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്തമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. വടക്കൻ കർണാടകയിലെ വിവിധ ദർഗകളുടെ പ്രതിനിധികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എം.എൽ.സി സലിം അഹമ്മദിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ, ആ അഭ്യർഥന ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ 34 അംഗങ്ങളാണ് കർണാടക മന്ത്രിസഭയിലുള്ളത്. 20 മന്ത്രിസ്ഥാനങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
2023ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാൽ ഹൈക്കമാൻഡിൻ്റെ നിർദേശപ്രകാരം ഉപമുഖ്യമന്ത്രിയായി തുടരുകയായിരുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. സലിം അഹമ്മദും വിനയ് കുമാറും താനും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സലിം അഹമ്മദിനെ എം.എൽ.സിയാക്കുന്നതിന് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നെങ്കിലും മത്സരിക്കാൻ പ്രോത്സാഹിപ്പിച്ചത് താനാണെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. അതേസമയം, വിവിധ സമുദായങ്ങളിൽ നിന്നുള്ള മതനേതാക്കളും സംഘടനാ പ്രതിനിധികളും മന്ത്രിസ്ഥാനത്തിനായി വ്യത്യസ്ത പേരുകൾ നിർദേശിക്കുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കൾ ഉൾപ്പെടെ എല്ലാവരും കോൺഗ്രസിനുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി