രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന് കാസര്‍കോട് കാലിക്കടവിൽ തുടക്കം. ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ വികസനം തുടരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയ പാത വികസനമടക്കമുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ എണ്ണിപറഞ്ഞു.
ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാത്രമല്ല സഹായിക്കാൻ തയ്യാറായവരെ തടയുന്ന നിലയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു 2016 ൽ തകർന്നടിഞ്ഞു കിടന്ന ഒരു നാടിൻ്റെ ഭരണമാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചത്.
വികസനവും മാറ്റവും വരണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ ഭരണം നൽകിയത്. എന്നാൽ ആ ദൌത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ പ്രകൃതി ദുരന്തങ്ങളും മാരകമായ പകര്‍ച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി മുന്നിൽ വന്നു. എന്നാൽ അതിനെയെല്ലാം നാം അതിജീവിച്ചു എന്നും പറഞ്ഞു.