മുൻ മുഖ്യ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പിൽ വരുത്തിയ നേതാവ് ആണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ വൈസ് പ്രസിഡണ്ട് സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. ബാംഗ്ലൂർ മടിവാള സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്ന സി.എച്ച് മുഹമ്മദ് കോയ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.എച്ചിൻ്റെ ലോകം’ എന്ന വിഷയത്തിൽ നടന്ന നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിൽ അദ്ദേഹത്തിൻ്റെ ജീവചരിത്രം, പൊതു ജീവിതത്തിൽ സി.എച്ച് ഉയർത്തിപ്പിടിച്ച ആശയങ്ങൾ, കേരളീയ പൊതുസമൂഹത്തിനും വിശിഷ്യാ മുസ്ലിം സമുദായത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ പ്രധാന കർത്തവ്യമെന്നും, രാഷ്ട്രീയ ജീവിതത്തിൽ സി.എച്ച് കാണിച്ചുതന്നപോലെ അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ കൂടിയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും, എഴുത്തുകാരനുമായ സി.ഹംസ സാഹിബ്, സി.എച്ച്.ഇന്ത്യൻ മത ന്യൂന പക്ഷ രാഷ്ട്രീയത്തിൻ്റെ വഴികാട്ടി എന്ന ടൈറ്റിലിൽ വിഷയാവതരണം നടത്തി. സി.എച്ചിൻ്റെ നർമ്മം കലർന്ന പ്രസംഗങ്ങളും സഭാപരാമർശങ്ങളുമെല്ലാം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സദസ്സിന് ആവേശവും ഉണർവ്വും സമ്മാനിച്ചു. പരിപാടിയിൽ പ്രമുഖ സാഹിത്യ നിരീക്ഷകൻ ഇ.എം.എസ് പഠന വേദി ചെയർമാൻ ആർ.വി.ആചാരി മുഖ്യ അതിഥിയായി. ഏഴ് മുതൽ പത്ത് വരെ സൗജന്യമായി സ്‌കൂൾ പഠനം അനുവദിച്ച വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ ന്യൂനപക്ഷങ്ങളുടെ മാത്രം നേതാവല്ലെന്നും മറിച്ച് കേരള പൊതു സമൂഹത്തിൻ്റെ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ നൽകുന്ന ആദ്യ സി.എച്ച് മെമ്മോറിയൽ മാനവ സേവാ പുരസ്കാർ അവാർഡിന് എം.എം.എ പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ് സാഹിബിനെ തെരെഞ്ഞെടുത്തതായി ജൂറി അംഗം ഈസ നീലസന്ദ്ര അറിയിച്ചു.

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടന്ന നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിൽ രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, എഴുത്തുകാർ, രാഷ്ട്രീയ നിരീക്ഷകർ, മത സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
എം.എം.എ ജനറൽ സെക്രട്ടറി ടി.സി സിറാജ്, എസ്.വൈ.എസ് ബാംഗ്ലൂർ ജനറൽ സെക്രട്ടറി പി.എം.അബ്ദുൽ ലത്തീഫ് ഹാജി, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.കെ.അഷ്‌റഫ് ഹാജി, ഫാറൂഖ് കെ.എച്ച് തണൽ ബാംഗ്ലൂർ, അഡ്വ ഉസ്മാൻ സാഹിബ്, ബാംഗ്ലൂർ കെ.എം.സി.സി സ്ഥാപക നേതാവ് ശംസുദ്ധീൻ കൂടാളി, കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ രക്ഷധികാരികളായ സി.കെ നൗഷാദ് ബൊമ്മനഹള്ളി , നാസർ ബൻശങ്കറി, ശംസുദ്ധീൻ സാറ്റലൈറ്റ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംസാരിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുസ്ലിം ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികവുറ്റ നേതാവും കേരള മുൻ മുഖ്യമന്ത്രിയും മുൻ കേരള നിയമ സഭ സ്‌പീക്കറും കേരള നിയമ സഭ കണ്ട ഏറ്റവും മികച്ച സാമാജികനുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അദ്ദേഹത്തിലെ ചുരുങ്ങിയ ജീവിത കാലയളവിൽ നൽകിയ വിലയേറിയ സംഭാവനകൾ വിശകലനം ചെയ്ത പൊളിറ്റിക്കൽ സിമ്പോസിയം പുതിയ തലമുറക്ക് കൂടുതൽ പഠിക്കാനും പകർത്താനും അവസരമൊരുക്കിയതായി സംഘാടകർ അഭിപ്രായപ്പെട്ടു. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ വർക്കിങ് സെക്രട്ടറി അബദുസമദ് മൗലവി മാണിയൂർ പ്രാർത്ഥന നിർവ്വഹിച്ചു. പ്രസിഡണ്ട് ഈസ ടി.ടി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നാദിർഷ ജയനഗർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷാജൽ സി.എച്ച് നന്ദിയും പറഞ്ഞു.

Related Posts