പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ നിരവധി അക്കൗണ്ടുകൾക്കും കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

ഡൽഹിയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രങ്ങളും ഡിജിറ്റലായി മാറ്റം വരുത്തിയ വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി എസ്. അരവിന്ദ് റെഡിയും തെലങ്കാന ബിജെപി പ്രവർത്തകൻ ടി. സായ്കിരൺ ഗൗഡും നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

എഐ സാങ്കേതികവിദ്യ ഉൾപ്പെടെ ഉപയോഗിച്ചാണ് വ്യാജ ദൃശ്യങ്ങൾ തയ്യാറാക്കിയതെന്നും, പോസ്റ്റുകൾക്ക് താഴെയുണ്ടായിരുന്ന അധിക്ഷേപപരമായ കമന്റുകളും പൊതുസമാധാനത്തെ ബാധിക്കാനും സമൂഹത്തിൽ വിദ്വേഷം വളർത്താനും സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രചരിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലെ ഒരു വീഡിയോ താൽക്കാലികമായി തടസപ്പെട്ട സംഭവത്തെ തുടർന്ന് മെറ്റയ്ക്ക് കേന്ദ്രസർക്കാരിൻ്റെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മെറ്റ കേന്ദ്രസർക്കാരിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Related Posts