ബെംഗളൂരു ഗ്രാമീണ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുര താലൂക്കിലെ കോണഘട്ട ഗ്രാമത്തിൽ മാർബിൾ കട്ടിങ് മെഷീൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രാജസ്ഥാനുകാരനായ 22-കാരൻ ഷഹസാദ് അലി മരിച്ചു.

തിങ്കളാഴ്ച രാവിലെ 11ഓടെ ആരാധനാലയത്തിൻ്റെ നിർമാണ സ്ഥലത്ത് മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മെഷീൻ്റെ ബ്ലേഡ് നിയന്ത്രണം വിട്ട് യുവാവിൻ്റെ കഴുത്തിൻ്റെ വലതുഭാഗത്ത് തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും അമിത രക്തസ്രാവമുണ്ടാകുകയും ചെയ്തു. സഹപ്രവർത്തകർ ഉടൻ ബസെട്ടിഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

മൂന്നു മാസം മുൻപാണ് ഷഹസാദ് അലിയും സുഹൃത്തുക്കളായ സാഹിൽ ഖാൻ, സമീർ, അഷ്റഫ് എന്നിവരും ജോലി തേടി ബെംഗളൂരുവിലെത്തിയത്. ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട മാർബിൾ പാകൽ ജോലിയിലായിരുന്നു ഇവർ.

സംഭവത്തിൽ തൊഴിലാളി കരാറുകാരൻ മുഹമ്മദ് ആരിഫിനും നിർമാണം ഏറ്റെടുത്ത ട്രസ്റ്റിനുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 106(1) പ്രകാരം അശ്രദ്ധമൂലമുള്ള മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കല്ല് മുറിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ ഫോറൻസിക് സംഘത്തിൻ്റെ സഹായത്തോടെ അന്വേഷിച്ചുവരികയാണ്.

Related Posts