2003ലെ മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വയനാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതിയായ അശോകൻ വിനോദിനെ മാരകമായി വെട്ടിയതാണ് മരണകാരണമെന്ന് കോടതി കണ്ടെത്തിയെങ്കിലും, ഇയാൾ ഇതിനകം മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല.

വിനോദ് വധത്തിൽ മറ്റ് പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, ഗൂഢാലോചന ആരോപണത്തിനും മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട അബ്‌ദുൾ സലാം വധശ്രമക്കേസിൽ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ മറ്റ് 53 പ്രതികളെ വെറുതെവിട്ടു.

2003 ഫെബ്രുവരി 19-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സമരത്തിലിരുന്ന ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് നടത്തിയ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. സമരക്കാർ ബന്ദിയാക്കിയ കോൺസ്റ്റബിൾ വിനോദിന് വെട്ടേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അദ്ദേഹം മരിക്കുകയായിരുന്നു. സംഭവത്തിനിടെ പൊലീസ് വെടിവെപ്പിൽ ആദിവാസി യുവാവായ ജോഗിയും കൊല്ലപ്പെട്ടിരുന്നു.

ആദ്യം ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസിൽ, ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിചാരണ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽ നിന്ന് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമവിധി വന്നത്.

Related Posts