മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇന്ന് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്. നിയമസഭയില്‍ നാളെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേന്‍ സിങിൻ്റെ രാജി.

2023 മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിങ് രാജി വയ്ക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് നടന്ന വംശീയ അക്രമങ്ങളില്‍ ബിരേന്‍ സിങ് ജനങ്ങളോട് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് 3 മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിരേന്‍ സിങ് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുമ്പത്തേതുപോലെ ആളുകള്‍ ഒത്തൊരുമയോടെ കഴിയുന്നതിനുമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ബിരേന്‍ സിങ് ശനിയാഴ്ച നടന്ന ഡിജിഎആര്‍ മെന്‍ ആൻ്റ് വിമെന്‍ പോളോ ചാമ്പ്യന്‍ഷിപ്പിൻ്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Related Posts