ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ‘കാപ്പി സ്ക്വാഡ്’ വെബ് സീരീസിൻ്റെ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് കോട്ടയം മണിമല സ്വദേശിയായ ബെൽരാജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബെൽരാജിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു ‘കാപ്പി സ്ക്വാഡ്’. വെള്ളിയാഴ്ച സീരീസിൻ്റെ സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെയാണ് സംവിധായകൻ്റെ വിയോഗവാർത്ത പുറത്തുവന്നത്. ആദ്യ സ്വതന്ത്ര സംവിധാന സംരംഭം പ്രേക്ഷകരിലേക്കെത്തിയതിനു പിന്നാലെയുള്ള ബെൽരാജിൻ്റെ അപ്രതീക്ഷിത വിയോഗം സിനിമാ–സീരീസ് രംഗത്തെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
കളരിക്കൽ സുരേഷിൻ്റെയും സ്മിതയുടെയും മകനാണ് ബെൽരാജ്. മൃതദേഹം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ.