ശബരിമലയിലെ സ്വർണാപഹരണത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് ഇപ്പോൾ പ്രതിചേർത്തത്. എഫ്ഐആർ ദേവസ്വം ബോർഡിന്റെ പരാതിയിലാണ്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആദ്യ എഫ്ഐആർ ദ്വാരപാലകശില്പത്തിലെ പാളികൾ മോഷ്ഠിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത് കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ്. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ് എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത്. എന്നാൽ, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019 ൽ ചുമതലയിലുണ്ടായിരുന്നത്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് തിരുവാഭരണം കമ്മിഷണർ, ദേവസ്വം സെക്രട്ടറി, എക്സിക്യൂട്ടിവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ.ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
സ്വർണ്ണപ്പാളികൾ ഇളക്കിയെടുത്തത് 2019ൽ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് എന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗുഢാലോചന, വിശ്വാസവ ഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.