വാട്സാപ്പിൽ ലഭിച്ച വിവാഹക്ഷണക്കത്ത് തുറന്ന വ്യവസായിക്ക് 5 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു സ്വദേശി നൂർ നാഹിദ് ഖാനാണ് (42) പണം നഷ്ടപ്പെട്ടത്. ‘വിവാഹത്തിന് ക്ഷണിക്കുന്നു, വിവരങ്ങൾ അറിയാൻ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്യുക’ എന്നായിരുന്നു സന്ദേശം. സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന എപികെ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫയൽ വ്യവസായി ഡൗൺലോഡ് ചെയ്തു. ഇതോടെ ഫോൺ അക്‌സസ്സ് തട്ടിപ്പു സംഘത്തിൻ്റെ നിയന്ത്രണത്തിലായി. പിന്നീട് ഏപ്രിൽ 16ന് പുലർച്ചെ 4.45 നും 4.54 നും ഇടയിൽ 500440 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി പരാതിയിൽ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318 (വഞ്ചന), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 സി (ഐഡന്റിറ്റി മോഷണം), 66 ഡി (കമ്പ്യൂട്ടർ റിസോഴ്‌സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കൽ) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.