പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോഴി വിഭവങ്ങളുടെ വിപണനം നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ താറാവിൽ മാത്രമാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണമെന്നും രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.