ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ രാജ്യത്തെ സംബന്ധിച്ച് 2025 നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 പ്രതീക്ഷകളുടെ വർഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ മാറി. ദേശീയസുരക്ഷയിൽ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തെ ഇന്ത്യക്കാർ കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നു. വനിതാ ടീം ലോകകപ്പ് നേടിയതും പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതും ഈ വർഷമാണെന്ന് മോദി ഓർമ്മിപ്പിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും തലമുറയെ രാജ്യത്തെ ഭാഷകൾ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. തമിഴ് ഭാഷയുടെ മഹത്വത്തെകുറിച്ചും കാശി തമിഴ് സംഗമത്തെയും പ്രധാനമന്ത്രി പുകഴ്ത്തി.