ഭൂട്ടാൻ കാർ കടത്ത് കേസിലെ അന്വേഷണം വ്യാപിപ്പിച്ച് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദുൽഖറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂടുതൽ വാഹനങ്ങളെക്കുറിച്ച് വിശദീകരണം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇതിൻ്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർനടപടികളെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
താൻ വാങ്ങിയ വാഹനങ്ങൾ നിയമാനുസൃതമായാണ് സ്വന്തമാക്കിയതെന്നും അവ കള്ളക്കടത്തിലൂടെ രാജ്യത്ത് എത്തിയതാണെന്ന വിവരം അറിയില്ലായിരുന്നുവെന്നുമാണ് ദുൽഖർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ വിശദീകരണം പൂർണമായും അംഗീകരിക്കാത്ത നിലപാടിലാണ് കസ്റ്റംസ്.
കേസുമായി ബന്ധപ്പെട്ട് മറ്റ് വാഹന ഉടമകളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും വാഹനങ്ങളുടെ രജിസ്ട്രേഷനും ഇറക്കുമതി രേഖകളും വിശദമായി പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും കസ്റ്റംസ് അറിയിച്ചു.