കർണാടകയിലെ ചലച്ചിത്രമേഖലയ്ക്കായി പുതിയ സിനിമാ നയം രൂപീകരിക്കാൻ സർക്കാർ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സിനിമാ നിർമാണത്തിന് നൽകുന്ന സബ്സിഡി വർധിപ്പിക്കുമെന്നും ഫിലിം ആർക്കൈവ് സ്ഥാപിക്കുമെന്നും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർദിഷ്ട ഫിലിം സിറ്റി പദ്ധതിക്കായി ധനകാര്യ വകുപ്പുമായി ചർച്ച നടത്തി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനങ്ങൾ. ചേംബർ പ്രസിഡണ്ട് നടി ജയമാലയുടെ നേതൃത്വത്തിലുള്ള സംഘം കന്നഡ സിനിമാ വ്യവസായത്തിന്റെ വികസനത്തിനായി സർക്കാരിൻ്റെ പിന്തുണ അഭ്യർഥിച്ച് നിവേദനം സമർപ്പിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ആരംഭിക്കുക, സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുക, സിനിമാട്ടോഗ്രാഫ് നിയമത്തിൽ ഭേദഗതി വരുത്തുക, സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ നവീകരിക്കാൻ സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയെല്ലാം പരിഗണിച്ച് ചലച്ചിത്രമേഖലയുടെ സമഗ്ര വികസനത്തിനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു.